രാഖിയെ കൊന്നിട്ടില്ല, ഞാന്‍ അവളെ കഴിവതും ഒഴിവാക്കാന്‍ ശ്രമിച്ചു : അഖില്‍

സ്വ ലേ

Jul 26, 2019 Fri 11:25 PM

തിരുവനന്തപുരം: അമ്പൂരിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ രാഖിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് കാമുകന്‍ അഖില്‍.രാഖിയെ താന്‍ കൊന്നിട്ടില്ലെന്നും താന്‍ ഒളിവിലല്ലെന്നും അഖില്‍ പറഞ്ഞു. ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടന്‍ പൊലീസിന് മുന്നില്‍ ഹാജരാകുമെന്നും അഖില്‍ പറഞ്ഞു.


”രാഖിയെ ജൂണ്‍ 21ന് കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറില്‍ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവള്‍ പിന്‍മാറാതെ എന്റെ പുറകേ നടക്കുകയായിരുന്നു. ഞാന്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കില്‍ ഇതിനു മുന്‍പേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലില്‍കിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാന്‍ 27ന് വൈകിട്ട് 7ന് രാജധാനി എക്‌സ്പ്രസില്‍ യാത്രതിരിച്ചു ഡല്‍ഹിയിലെത്തി 29നു യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു’വെന്നും അഖില്‍ പറഞ്ഞു.


കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റിന് സമീപം നടന്ന് പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വീട്ടില്‍ നിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ദൃശ്യങ്ങളില്‍ കാണുന്ന പെണ്‍കുട്ടി രാഖി തന്നെയാണെന്ന് പിതാവ് സ്ഥിരീകരിച്ചു. 21ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ച വസ്ത്രം തന്നെയാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നും പിതാവ് സ്ഥിരീകരിച്ചു. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു ബന്ധുക്കൾ പരാതി നൽകിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്‍റെ വീടിനോട് ചേര്‍ന്ന പറമ്പിൽ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെടുത്തത്.

  • HASH TAGS