ഇന്ത്യയെന്നു പറഞ്ഞാല്‍ കോണ്‍ഗ്രസാണോ? കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

സ്വ ലേ

Jun 26, 2019 Wed 10:45 PM

ഡല്‍ഹി: കോണ്‍ഗ്രസിനെതിരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ആഞ്ഞടിച്ച് മോദി. രാജ്യസഭയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തിന് മറുപടിയായുള്ള നന്ദി പ്രമേയത്തിലാണ് മോദി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.


ലോക്സഭാ തെരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ പതനമെന്നു പറഞ്ഞതിനായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നത്. ഇന്ത്യയെന്നു പറഞ്ഞാല്‍ കോണ്‍ഗ്രസാണോയെന്ന് മോദി ചോദിച്ചു.


'അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യ തന്നെ തോറ്റെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എന്റെ സുഹൃത്തുക്കള്‍ക്ക് തോന്നുന്നുണ്ടോ? ഇന്ത്യയെന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെന്നാണോ? അല്ല. അങ്ങനെയല്ല. തെരഞ്ഞെടുപ്പിനേയും ജനാധിപത്യത്തേയും ആദരിക്കേണ്ടതുണ്ട്. വയനാട്ടില്‍ ഇന്ത്യ തോറ്റോ? റായ്ബറേലിയില്‍ ഇന്ത്യ തോറ്റോ? തിരുവനന്തപുരത്ത് ഇന്ത്യ തോറ്റോ? എന്താണ് അമേഠിയിലെ സ്ഥിതി? എന്തുതരം വാദമാണിത്? കോണ്‍ഗ്രസ് തോറ്റാല്‍ അതിനര്‍ത്ഥം ഇന്ത്യ തോറ്റെന്നാണോ? അഹങ്കാരത്തിന് പരിധിയുണ്ട്. 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒറ്റസീറ്റുപോലും നേടാന്‍ കഴിഞ്ഞിട്ടില്ല.' തുടങ്ങിയവയായിരുന്നു മോദിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗം.


ഞങ്ങള്‍ക്ക് പാര്‍ലമെന്റില്‍ രണ്ട് എം.പികള്‍ മാത്രമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ജനങ്ങള്‍ ഞങ്ങളെ കളിയാക്കിയിരുന്നു. പക്ഷേ ഞങ്ങള്‍ കഠിനമായി പ്രവര്‍ത്തിച്ച് ജനപിന്തുണ നേടി. ഞങ്ങള്‍ പോളിങ് ബൂത്തിനെ കുറ്റപ്പെടുത്തിയിട്ടില്ല എന്നും മോദി കൂട്ടിച്ചേര്‍ത്തു.


  • HASH TAGS