അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ കൈയില്‍ നിന്ന് ലോട്ടറി മോഷ്ടിച്ച പ്രതി പിടിയില്‍

സ്വ ലേ

Jun 23, 2019 Sun 04:10 AM

തിരുവനന്തപുരം: അന്ധനായ ലോട്ടറി വില്‍പനക്കാരനിൽ നിന്നും  ലോട്ടറി തട്ടിയെടുത്തയാളെ പൊലിസ് പിടികൂടി. എറണാകുളം മരട് ചെമ്പക്കര ആയത്തുപറമ്പിൽ വീട്ടില്‍ സുനില്‍കുമാര്‍ (47) നെയാണ് തമ്പാനൂർ  പൊലിസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് തമ്പാനൂർ  ബസ് ടെര്‍മിനലില്‍ അന്ധനായ ലോട്ടറി വില്‍പനക്കാരനെ കബളിപ്പിച്ചാണ് ഇയാള്‍ കടന്നത്. ലോട്ടറി വാങ്ങാനെന്ന വ്യാജേന അടുത്തുകൂടിയ ഇയാള്‍ വില്‍പനക്കാരന്റെ കൈയില്‍ നിന്നു ടിക്കറ്റ് കൈക്കലാക്കിയ ശേഷം പണം നല്‍കാതെ സ്ഥലം വിടുകയായിരുന്നു. അടുത്തിടെ മോഷണക്കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആളാണ് സുനിലെന്ന് പൊലിസ് പറഞ്ഞു.



വർഷങ്ങളായി ലോട്ടറിക്കച്ചവടം നടത്തുന്ന വാഴച്ചല്‍ ചിറയാണിക്കര ഗീതാഭവനില്‍ സുരയില്‍ നിന്നാണ് ഇയാള്‍ ലോട്ടറി തട്ടിയെടുത്തത്.640 രൂപ വിലയുള്ള 23 ടിക്കറ്റുകളാണ് ഇയാള്‍ കൈക്കലാക്കിയത്. തമ്പാനൂർ   ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിജുകുമാര്‍, അരുണ്‍ രവി, എ.എസ്.ഐ സുരേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

  • HASH TAGS
  • #kerala
  • #lottery