യുപിയില്‍ റേഷന്‍കട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു

സ്വലേ

Oct 15, 2020 Thu 10:25 PM

ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയ എന്ന ജില്ലയിൽ റേഷൻ കടകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ വെടിവെപ്പുണ്ടായതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജയ് പ്രകാശ് (46) എന്നയാളാണ് വെടിയേറ്റ് മരിച്ചത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സർക്കിൾ ഓഫീസർ തുടങ്ങിയവർ പങ്കെടുത്ത പഞ്ചായത്ത് ഭവനിലെ യോഗത്തിനിടെ ധീരേന്ദ്ര സിങ് എന്നയാളാണ് വെടിയുയർത്തത്. മരിച്ചയാളുടെ ബന്ധുക്കൾ നല്‍കിയ പരാതിയിൽ 20 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു. റേഷൻ കടകളുടെ വിതരണം താത്കാലികമായി നിർത്തിവച്ചതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം  വാർത്താ ഏജൻസി പുറത്തുവിട്ടു. യോഗത്തിലുണ്ടായിരുന്ന സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സർക്കിൾ ഓഫീസർ എന്നിവരെ ഉടൻ സസ്പെൻഡ് ചെയ്യാൻ യുപി  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. ഇവര്‍ക്കെതിരെ അന്വേഷണം ശക്തിപ്പെടുത്തുമെന്നും അക്രമികൾക്കെതിരെ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • HASH TAGS
  • #Death
  • #Utharpradesh
  • #shotgun