സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെ ബാക്കിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കാം

സ്വലേ

Oct 11, 2020 Sun 07:17 PM

തിരുവനന്തപുരം: ബീച്ചുകൾ ഒഴികെയുള്ള സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ,  കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവയാണ് സഞ്ചാരികൾക്കായി നാളെ മുതൽ  തുറന്നുകൊടുക്കുന്നത്. എന്നാൽ ബീച്ചുകൾ നവംബർ ഒന്നുമുതൽ മാത്രമേ  തുറക്കുകയുള്ളൂ എന്ന്‌ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 


കോവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായാണ് ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശനത്തിന് അനുമതി. സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ ടൂറിസം കേന്ദ്രങ്ങളിൽ  പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കുകയും സംസ്ഥാനത്തിന് പുറത്ത് നിന്നുവരുന്ന സഞ്ചാരികൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും നിബന്ധനകളാണ്. ഇവർക്ക് 7 ദിവസം ക്വാറന്റീൻ നിർബന്ധമില്ലെങ്കിലും 7 ദിവസത്തിൽ കൂടുതൽ ചെലവഴിക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുകയോ അല്ലെങ്കിൽ കേരളത്തിൽ എത്തിയാൽ ഉടൻ കോവിഡ് പരിശോധന നടത്തുകയോ ചെയ്യൽ നിര്‍ബന്ധമാണ്. ഇങ്ങനെ ചെയ്യാത്തപക്ഷം സഞ്ചാരികള്‍ സ്വയം 7 ദിവസം ക്വാറന്റീനിൽ പോകേണ്ടിവരും.


വിനോദ സഞ്ചാരികൾ മാസ്ക് നിർബന്ധമായും ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും രണ്ട് മീറ്റർ സാമൂഹിക അകലം മറ്റുള്ളവരിൽ നിന്നും പാലിക്കുകയും വേണം. കോവിഡ് രോഗലക്ഷണങ്ങൾ കാണുകയാണെങ്കില്‍ യാത്ര ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.  കോവിഡ് ലക്ഷണങ്ങൾ സന്ദർശന വേളയിലുണ്ടായാൽ ദിശയിൽ ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകരുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ ഐസോലേഷനിൽ പോകേണ്ടതുമാണ്. ഇതിനുപുറമെ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഉണ്ടാകണം. നിശ്ചിത ഇടവേളകളിൽ ടൂറിസം കേന്ദ്രങ്ങൾ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.


ഓൺലൈൻ സംവിധാനത്തിലൂടെയാകണം ഹോട്ടൽ ബുക്കിങ്ങും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കലും. ഹൗസ് ബോട്ടുകൾ മറ്റ് ടൂറിസ്റ്റ് ബോട്ടുകൾ തുടങ്ങിയ സർവീസ് നടത്താനും പുതിയ ഉത്തരവിൽ അനുമതി നൽകുന്നുണ്ട്. ആറ് മാസമായി ടൂറിസം മേഖല ആശ്രയിച്ച് ജീവിക്കുന്നവര്‍ അനുഭവിക്കുന്ന പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ തീരുമാനം.

  • HASH TAGS
  • #tourism
  • #kerala