നാൽപ്പത്തി നാലാമത് വയലാർ പുരസ്കാരം ഏഴാച്ചേരി രാമചന്ദ്രന്

സ്വലേ

Oct 10, 2020 Sat 02:30 PM

 തിരുവനന്തപുരം: ഇക്കൊല്ലത്തെ വയലാർ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന് ലഭിച്ചു. ഒരു വെർജീനിയൻ വെയിൽകാലം എന്ന കൃതിക്കാണ് അവാർഡ്. നാൽപ്പത്തി നാലാമത് വയലാർ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും വെങ്കലത്തിൽ തീർത്ത കാനായി കുഞ്ഞിരാമൻ ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. വാർത്താ സമ്മേളനത്തിൽ വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.


ഡോ. എൻ. മുകുന്ദൻ, ഡോ. കെ.പി മോഹനൻ, ഡോ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരുള്‍പ്പെട്ട ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഏഴാച്ചേരി രാമചന്ദ്രൻ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ഒരു വെർജീനിയൻ വെയിൽകാലം 41 കവിതകളുടെ സമാഹാരമാണ്. ചന്ദന മണിവാതിൽ പാതിചാരി എന്നുതുടങ്ങുന്ന ഗാനമുൾപ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചു. ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂർ, എന്നിലൂടെ എന്നിവയാണ് പ്രശസ്തമായ കവിതകൾ. ഉയരും ഞാൻ നാടാകെ, കാറ്റുചിക്കിയ തെളിമണലിൽ എന്നിവ പ്രധാന  കൃതികളാണ്. 

  • HASH TAGS
  • #award
  • #Vayalaraward