ഹാഥ്‌റസ് കേസ് ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി

സ്വലേ

Oct 06, 2020 Tue 03:13 PM

ന്യൂഡൽഹി: ഹാഥ്റസിൽ പെൺകുട്ടി ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട കേസ് ഞെട്ടൽ ഉളവാക്കുന്നതും  ഭീകരവുമാണെന്ന് സുപ്രീം കോടതി പറഞ്ഞു. സുഗമമായ കേസന്വേഷണം ഉറപ്പാക്കുമെന്ന്  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതിലൂടെ  ഹാഥ്റസ് കേസിൽ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നതാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുന്നത്. ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന്  കോടതിയെ അറിയിച്ചു.  എന്നാൽ കേസിലെ സാക്ഷികൾക്ക് വേണ്ട സുരക്ഷ ഉറപ്പാക്കിയതിന്റെ വിവരങ്ങള്‍ സത്യവാങ്മൂലത്തിലൂടെ അറിയിക്കാൻ സുപ്രീം കോടതി യു പി സർക്കാരിനോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിന് പ്രത്യേക അഭിഭാഷക സഹായം ആവശ്യമാണെങ്കിൽ കോടതിയെ അറിയിക്കണമെന്നും പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടാൽ പ്രഗത്ഭ അഭിഭാഷകരുടെ സേവനം ഉറപ്പാക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ ഹാഥ്റസിലെ പെൺകുട്ടി ബലാത്സംഗത്തിന് വിധേയമായിട്ടില്ലെന്ന് വ്യക്തമാക്കി    സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതോടൊപ്പം കലാപം ഒഴിവാക്കാനാണ് പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷം രാത്രി മൃതദേഹം സംസ്കരിച്ചതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇതേ സംബന്ധിച്ച ഹർജികൾ അടുത്ത ആഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിവെച്ചു.

  • HASH TAGS
  • #supremecourt
  • #Rape
  • #Gangrape
  • #Hatras