ഐഫോണ്‍ വിവാദത്തിൽ കോടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തല

സ്വലേ

Oct 06, 2020 Tue 12:14 PM

തിരുവനന്തപുരം: ഐഫോൺ വിവാദത്തിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നിലപാട് മാറ്റിയ സാഹചര്യത്തിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 


ഐ ഫോൺ വിവാദത്തിൽ ക്രൂശിക്കാൻ കോടിയേരി ശ്രമിച്ചു എന്ന കാരണത്താലാണ് മാപ്പ് പറയാൻ ആവശ്യപ്പെട്ടത്. അതല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത്‌ വ്യക്തമാക്കിയത്.

തനിക്കും ഭാര്യയ്ക്കുമായി ദുബായിൽ പോയപ്പോൾ രണ്ട് ഐഫോണുകൾ താൻ കാശ് കൊടുത്ത് വാങ്ങിയിട്ടുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അതിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വപ്ന സുരേഷിന്റെ ആവശ്യ പ്രകാരം ഐ ഫോണുകൾ താൻ വാങ്ങി നൽകിയെന്നും അത് രമേശ് ചെന്നിത്തല അടക്കമുള്ളവർക്കാണ് നൽകിയതെന്നും ഹൈക്കോടതിയിൽ നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നു. എന്നാൽ ഈ നിലപാട് വിജിലൻസ് ചോദ്യം ചെയ്തപ്പോൾ മാറ്റി ഐ ഫോണുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ മാത്രമെ തനിക്കറിയാവൂ എന്നും ഫോൺ ആർക്കൊക്കെയാണ് വിതരണം ചെയ്തതെന്ന് നേരിട്ട് അറിയില്ലെന്നും സന്തോഷ് ഈപ്പൻ വിജിലൻസിന് മൊഴി മാറ്റി നല്‍കി. 

  • HASH TAGS
  • #kodiyeri
  • #RAMESHCHENNITHALA
  • #chennithala
  • #iphone