മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത് ; സുഗതകുമാരി

സ്വ ലേ

Jun 13, 2019 Thu 07:23 PM

തിരുവനന്തപുരം: തന്റെ മരണശേഷം മതപരമായ യാതൊരു ചടങ്ങുകളും സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് കവിയത്രി സുഗതകുമാരി. 'മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. . മരണാനന്തരം എത്രയും വേഗം ഭൗതിക ശരീരം ശാന്തികവാടത്തില്‍ ദഹിപ്പിക്കണമെന്നും സുഗതകുമാരി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ അറിയിച്ചു.


 അടുത്തിടെയുണ്ടായ രണ്ടാമത്തെ ഹൃദയാഘാതം അത്രമേല്‍ ക്ഷീണിതയാക്കിയെന്ന് സുഗതകുമാരി  പറഞ്ഞു . ഇപ്പോള്‍ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലാണ്. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്.ഈ അവശതയിലും മനസ്സ് തളര്‍ന്നിട്ടില്ല. നിരാലംബര്‍ക്കുവേണ്ടി താന്‍ സ്ഥാപിച്ച 'അഭയ'യുടെ കാര്യങ്ങള്‍ നോക്കാന്‍, യാത്രവയ്യെങ്കിലും ഫോണിന്റെ മറുതലയ്ക്കല്‍ അവരുടെ പ്രിയപ്പെട്ട ടീച്ചറമ്മ ഉണര്‍ന്നിരിക്കുന്നു.ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് ബഹുമതികള്‍ കിട്ടി. ഇനി തനിക്ക് ആദരവിന്റെ ആവശ്യമില്ലെന്ന നിശ്ചയത്തിലാണ് സുഗതകുമാരി . 


''ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍. എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്പോൾ  ഇത്തിരി സ്‌നേഹം തരിക. അതുമാത്രംമതി.''


മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി  എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയുംവേഗം അവിടെനിന്ന് വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യംകിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പോലീസുകാര്‍ ചുറ്റിലുംനിന്ന് ആചാരവെടി മുഴക്കരുത്.


''ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട'' സുഗതകുമാരി പറഞ്ഞു


  • HASH TAGS
  • #സുഗതകുമാരി