കോവിഡ് നീണ്ടുനിന്നാല്‍ മരക്കാര്‍ക്ക് മുന്‍പേ ദൃശ്യം 2 ഇറങ്ങുമെന്ന് ആന്റണി പെരുമ്പാവൂര്‍

സ്വന്തം ലേഖകന്‍

Sep 02, 2020 Wed 04:18 PM

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഈ സാഹചര്യം തുടരുകയാണെങ്കില്‍ മരക്കാര്‍ക്ക് മുന്‍പേ ദൃശ്യം 2 ഇറങ്ങുമെന്ന് ആന്റണി പെരുമ്പാവൂര്‍. ഓണദിനത്തില്‍ ഒരു മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂയിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. കുഞ്ഞാലിമരക്കാര്‍ മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്നതാണ്. ലോകമൊട്ടാകെയാണ് റിലീസ് നിശ്ചയിച്ചിരുന്നത്. അതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ലോക്ഡൗണ്‍ വന്നത്. കേരളത്തില്‍ രാത്രി 12 മണിക്ക് 300ല്‍ അധികം തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന സിനിയമാണ് അത്. നേരംെവളുക്കുമ്പോള്‍ തന്നെ ആയിരം ഷോ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ ഒരു സാഹചര്യം ഇനി എപ്പോള്‍ ഉണ്ടാകുമെന്ന് അറിയില്ല. അതിന്റെയൊക്കെ ഒരു സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് സാഹചര്യത്തില്‍ എല്ലാ വിധ മുന്‍കരുതലുകളോടെയും ദൃശ്യം 2 സെപ്റ്റംബര്‍ 14ന് ചിത്രീകരണം ആരംഭിക്കും. എറണാകുളത്തും തൊടുപുഴയിലുമായാകും ചിത്രീകരണം. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ മുന്‍കരുതലുകളോടെയാണ് ചിത്രീകരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകുന്ന എല്ലാവരിലും കോവിഡ് പരിശോധന നടത്തും. ഒരു ഹോട്ടലിലാകും എല്ലാവരെയും താമസിപ്പിക്കുക. പൂര്‍ണമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. 

കോവിഡിന്റെ സാഹചര്യമൊക്കെ മാറി,

ആളുകള്‍ തിയറ്ററില്‍ എത്തി തുടങ്ങിയതിന് ശേഷം മാത്രമേ കുഞ്ഞാലി മരക്കാര്‍ റിലീസ് ഉണ്ടാകൂ. എല്ലാ രാജ്യത്തും ഒന്നിച്ചു റിലീസ് ചെയ്യേണ്ട സിനിമയാണതെന്നും ആന്റെണി കൂട്ടിച്ചേര്‍ത്തു.


  • HASH TAGS