കണ്ടെയിന്‍മെന്റ് സോണുകളിലെ വയോജനങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘം

സ്വന്തം ലേഖകന്‍

Jul 15, 2020 Wed 04:40 PM

കോവിഡ് വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളിലെ വയോജനങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളിലാണ് വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചത്.
കോവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ പോകുന്നവരാണ് വയോജനങ്ങള്‍. അതിനാലാണ് ഇവര്‍ക്കായി റിവേഴ്സ് ക്വാറന്റൈന്‍ നടപ്പാക്കുന്നത്. മാത്രമല്ല അവരില്‍ പലരും വിവിധ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണ്. വയോജനങ്ങളുടെ മാനസിക ശാരീരിക പ്രശ്നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുന്നതിനും അവബോധം നല്‍കുന്നതിനും ഗ്രാന്റ് കെയര്‍ പദ്ധതി സംസ്ഥാനമൊട്ടാകെ വിപുലമായി നടപ്പിലാക്കി വരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍, കുടുംബശ്രീ എന്നിവയുടെ ഏകോപനത്തോടെയാണ് ഗ്രാന്റ് കെയര്‍ പദ്ധതി നടപ്പിലാക്കുന്നത്.

ഓരോ ടീമും 65 വയസിന് മുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് വിവരം ശേഖരിക്കുന്നു. അവരെ സംഘം പരിശോധിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നു. രോഗ ലക്ഷണമുള്ളവരെ ആശുപത്രിയില്‍ മാറ്റി വിദഗ്ധ ചികിത്സ നല്‍കുന്നു. ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നു. അവശരും ഒറ്റപ്പെട്ട് കഴിയുന്നവരുമായ വയോജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ളവ നല്‍കി പുനരധിവാസം ഉറപ്പ് വരുത്തുന്നു. സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലും വയോജനങ്ങള്‍ക്ക് മരുന്ന് വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.

  • HASH TAGS