ഇന്ന് 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്, ജാഗ്രത കൂടുതല്‍ വേണം ; മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Jul 03, 2020 Fri 07:58 PM

സംസ്ഥാനത്ത് ആദ്യമായി 200 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 211 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. 
പൊന്നാനി താലൂക്കില്‍ സമൂഹവ്യാപന സാധ്യത പരിശോധിക്കാനായി സെന്റിനല്‍ സര്‍വൈലന്‍സ് പ്രകാരം ആ പ്രദേശത്തെ 980 സാമ്പിളുകള്‍ പരിശോധിച്ചു. എടപ്പാളിലെ രണ്ട് പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപ പ്രദേശങ്ങളിലെ അഞ്ച് പഞ്ചായത്തുകളിലെ 308 പേരുടെയും സാമ്പിളുകളാണ് എടുത്തത്. ഇതില്‍ 505 പേരുടെ റിസള്‍ട്ടാണ് വന്നത്. അതില്‍ മൂന്നു പേരുടെ ഫലം പോസിറ്റീവാണ്. ട്രിപ്പിള്‍ ലോക്ഡൗണാണ് ഈ പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യ വ്യാപനത്തിന്റെ സാധ്യതയായതുകൊണ്ട് കൂടുതല്‍ ജാഗ്രത ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം 201പേര്‍ ഇന്ന് രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138പേര്‍ വിദേശത്ത് നിന്നുവന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന 39പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തരായത് സംസ്ഥാനത്തിന് ഏറെ ആശ്വാസകരമാണ്.

  • HASH TAGS
  • #kerala
  • #indianhealthcare
  • #Covid19
  • #bealert