ടിക്‌ടോക് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് മരിച്ചു

സ്വ ലേ

Jun 13, 2020 Sat 11:04 AM

ചെന്നൈ : ടിക്‌ടോക് വീഡിയോ ചിത്രീകരിക്കാനായി ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. 22കാരനായ എസ് വെട്രിവേല്‍ എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇയാള്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മീന്‍പിടിക്കാനായി തടാകത്തിലെത്തിയത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. ഇതിനിടയിലാണ് പിടികൂടിയ മത്സ്യത്തെ വിഴുങ്ങി അതിന്റെ വീഡിയോ ടിക്ടോക്കിലിടാമെന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തീരുമാനിച്ചത്.ഇതോടെ വെട്രിവേല്‍ മീന്‍ വിഴുങ്ങി. സുഹൃത്തുക്കള്‍ ഇതിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ യുവാവ് ശ്വാസം കിട്ടാതെ മരണവെപ്രാളം കാട്ടിത്തുടങ്ങി. ഇതോടെ ചിത്രീകരണം ഉപേക്ഷിച്ച്‌ സുഹൃത്തുക്കള്‍ യുവാവിനെ ഹൊസൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരണം സംഭവിച്ചതായി ഹൊസൂര്‍ ടൗണ്‍ പോലീസ് പറഞ്ഞു

  • HASH TAGS
  • #tiktok