ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം വന്ന ശേഷം

സ്വന്തം ലേഖകന്‍

Jun 04, 2020 Thu 09:09 PM

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം വന്ന ശേഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ആരാധാനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഹിന്ദു- ക്രിസ്ത്യന്‍- ഇസ്ലാം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.ആരാധാനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും. അതേസമയം ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവ് വേണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് ആരാധാനാലയങ്ങളില്‍ പ്രവേശിപ്പിക്കാനുള്ള അനുമതി വേണമെന്നതായിരുന്നു ചര്‍ച്ചകളിലെ പൊതുവായ ആവശ്യം.
ക്ഷേത്രങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കണമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ഹിന്ദു സംഘടന നേതാക്കളും ആവശ്യപ്പെട്ടത്. 10 വിശ്വാസികളെ വീതം ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാമെന്ന നിര്‍ദേശവും ദേവസ്വം ബോര്‍ഡ് മുന്നോട്ടുവച്ചു. തീര്‍ത്ഥം, അന്നദാനം, ചോറൂണ് തുടങ്ങിയവ ഒഴിവാക്കാമെന്ന നിര്‍ദേശവും ദേവസ്വം ബോര്‍ഡിനുണ്ട്. അതേസമയം, ശബരിമലയുടെ കാര്യത്തില്‍ പ്രത്യേക യോഗം വിളിക്കണമെന്നതായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം.പെട്ടെന്നുള്ള തീരുമാനം കൈകൊണ്ടാല്‍ വന്‍ തിരക്ക് വരാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


  • HASH TAGS