വര്‍ഗീയതയ്ക്കെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ നേതാവായിരുന്നു വീരേന്ദ്രകുമാര്‍ ; പിണറായി വിജയന്‍

സ്വന്തം ലേഖകന്‍

May 29, 2020 Fri 10:21 AM

മുന്‍ കേന്ദ്രമന്ത്രിയും എംപിയും ആയിരുന്ന വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ മതേതര പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണ് ശ്രീ എം പി വീരേന്ദ്രകുമാറിന്റെ വേര്‍പാട്. സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് വീരേന്ദ്രകുമാര്‍. അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തില്‍ രാഷ്ട്രീയമായി ഭിന്നചേരിയില്‍ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു എന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.
ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യത്തിന്റെ ഐക്യം തകര്‍ക്കുകയും ചെയ്യുന്ന വര്‍ഗീയതയ്ക്കെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ നേതാവായിരുന്നു. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു.കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന എംഎല്‍എമാരുടെയും എം പിമാരുടെയും സംയുക്തയോഗത്തില്‍ പങ്കെടുത്ത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.മാധ്യമരംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് മുറുകെ പിടിച്ചു. പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത് പ്രശ്നവും ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്ന നേതാവായിരുന്നു. ആ വേര്‍പാടില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉള്ള തീവ്രമായ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും മുഖ്യമന്ത്രി കുറിച്ചു.


  • HASH TAGS