സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് 3,434 കോടിയുടെ പാക്കേജ്

സ്വന്തം ലേഖകന്‍

May 13, 2020 Wed 09:01 PM

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനത്തിന് മന്ത്രി സഭാ യോഗം തീരുമാനങ്ങള്‍ എടുത്തു. സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് 3,434 കോടിയുടെ പാക്കേജിന് യോഗത്തില്‍ അംഗീകാരം നേടി. വ്യവസായ വകുപ്പ് തയ്യാറാക്കിയ പ്രത്യേക പാക്കേജായ ഭദ്രതയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മൊത്തം 3,434 കോടി രൂപയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കുക. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് ഈ ആശ്വാസ പാക്കേജ് നടപ്പാക്കുന്നത്.



ഇതോടൊപ്പം ലോക്ഡൗണ്‍ കാരണം സംസ്ഥാനത്തിന്റെ എല്ലാ പ്രധാന വരുമാന മാര്‍ഗങ്ങളും ഇല്ലാതായിരിക്കുകയാണ്. ലോട്ടറി വില്‍പന നിര്‍ത്തലാക്കി. മദ്യശാലകള്‍ പൂട്ടി. ജി.എസ്.ടി. വരുമാനത്തില്‍ വലിയ തോതിലുള്ള ഇടിവുണ്ടായി. ഈ സാഹചര്യത്തില്‍ പുതിയ വരുമാന മാര്‍ഗം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.



സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രയാസത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും ചെലവ് ചുരുക്കുന്നതിനെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. സുനില്‍ മാണി അധ്യക്ഷനായ സമിതിയില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിങ്ങ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി ബിശ്വനാഥ് സിഹ്ന, എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി സഞ്ജയ് കൗള്‍ എന്നിവര്‍ അംഗങ്ങളാണ്. കേരള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി സെക്രട്ടറി എം. ചന്ദ്രദാസ് ഈ സമിതിയുടെ റിസോഴ്‌സ് പേഴ്‌സണായി പ്രവര്‍ത്തിക്കും. കൂടാതെ  ബിയര്‍, വൈന്‍ എന്നിവയ്ക്ക് 10 ശതമാനവും മറ്റ് വിഭാഗങ്ങളില്‍ പെടുന്ന എല്ലാ മദ്യത്തിനും 35 ശതമാനവും നികുതി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം.









  • HASH TAGS