ക്വാറന്റെയിനില്‍ കഴിയുന്നവരുടെയും വീട്ടിലേക്ക് പോയവരുടെയും ശ്രദ്ദയ്ക്ക് ; മുഖ്യമന്ത്രി പറയുന്നു

സ്വന്തം ലേഖകന്‍

May 08, 2020 Fri 07:36 PM

ക്വാറന്റെയിനില്‍ കഴിയുന്നവരും വീട്ടിലേക്ക് പോയവരും ഒരു കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ച രീതിയില്‍ മാത്രമേ ഈ ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാടുളളു. ശാരീരിക അകലം എന്നത് വളരെ പ്രധാനമാണ്. വീട്ടിലായാലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലായാലും അക്കാര്യത്തില്‍ പ്രത്യേകമായ ശ്രദ്ധ വേണം.അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിന്റെ ചില ദോഷഫലങ്ങള്‍ മുന്‍ഘട്ടത്തില്‍ നമ്മള്‍ അനുഭവിച്ചതാണ്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത് എന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണം. കുറേ നാളുകള്‍ക്കുശേഷം നാട്ടില്‍ വന്നവരാണ് എന്നു കരുതി സന്ദര്‍ശനം നടത്തുന്ന പതിവുരീതികളും ഒരു കാരണവശാലും പാടില്ല. നാം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് നമ്മുടെ സമൂഹത്തെ വരും ദിവസങ്ങളില്‍ സംരക്ഷിച്ചുനിര്‍ത്തുക എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വളരെ വേഗത്തില്‍ സജ്ജീകരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ പോലെയല്ല ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ദിവസങ്ങളെടുത്തുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ആരോഗ്യ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെയാണ് താമസവും മറ്റ് സൗകര്യങ്ങളം ഒരുക്കിയിട്ടുള്ളത്. യാത്രയിലുടനീളം ഓരോ പ്രവാസിയും സ്വയം സ്വീകരിക്കുന്ന സുരക്ഷാ കരുതല്‍ പോലെ തന്നെയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ അവര്‍ക്കായി സര്‍ക്കാരിന്റെ കരുതലുള്ളത്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം സര്‍ക്കാരിനും ഉണ്ടാകണം.ദുരിതങ്ങളോട് പോരാടേണ്ടത് സമര്‍പ്പണം കൊണ്ടാണ്. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുന്ന മുറയ്ക്ക് പരിഹരിക്കും. ഇതില്‍ പ്രത്യേക ശ്രദ്ധ കാണിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കഴിയണം.


എന്തു പരാതികളും പരിശോധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ഓരോ കേന്ദ്രത്തിലും സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.