ലോക്ക് ഡൗണ്‍ സമയത്തെ അവയവദാന ശസ്ത്രക്രിയ വിജയം ; സന്തോഷം പങ്കുവെച്ച് ആരോഗ്യമന്ത്രി

സ്വന്തം ലേഖകന്‍

Apr 18, 2020 Sat 03:12 PM

ലോക്ക് ഡൗണ്‍ കാലത്ത് അവയവദാന പ്രകൃയയിലൂടെ നടന്ന ശസ്ത്രക്രിയ വിജയമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍. സന്തോഷം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു മന്ത്രി.



 കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കെ.സി. ജോസിനാണ് (62) ഹൃദയം മാറ്റിവച്ചത്. ഹാര്‍ട്ട് റിജക്ഷന്‍ സാധ്യതയും ഇന്‍ഫെക്ഷന്‍ സാധ്യതയും ഉള്ളതിനാല്‍ രോഗിയെ 24 മണിക്കൂര്‍ വെന്റിലേറ്ററിലാക്കിയിട്ടുണ്ട്. രണ്ടാഴ്ച്ച കഴിയുന്നതുവരെ രോഗി പൂര്‍ണ നിരീക്ഷണത്തിലുമായിരിക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ആറാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്. ഈ 6 ശസ്ത്രക്രിയകളും കോട്ടയം മെഡിക്കല്‍ കോളേജിലാണ് നടന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ ഉള്‍പ്പെടെ എല്ലാവരേയും അഭിനന്ദിക്കുന്നു എന്നും ഫേസ്ബുക്കില്‍ കുറിച്ചു.




ബൈക്ക് അപകടത്തെ തുടര്‍ന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീകുമാറിന് (50) മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അവയവ ദാനത്തിന് തയ്യാറായത്. ഇതിലൂടെ 4 പേര്‍ക്കാണ് പുതുജീവന്‍ സമ്മാനിച്ചത്. 






  • HASH TAGS