പ്രതിപക്ഷത്തെ ദുര്‍ബലമാക്കാനുള്ള അവസരമായിട്ടാണ് പ്രളയത്തെയും കൊറോണയെയും ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചത് : പി.കെ ഫിറോസ്

സ്വന്തം ലേഖകന്‍

Apr 13, 2020 Mon 07:09 PM

കേന്ദ്രസര്‍ക്കാറും കേരളസര്‍ക്കാറും കൊറോണയും പ്രളയവുമെല്ലാം പ്രതിപക്ഷത്തെ ദുര്‍ബലമാക്കാനുള്ള അവസരമായാണ് കണ്ടതെന്ന് പി.കെ ഫിറോസ്. രാജ്യത്തുണ്ടാകുന്ന ദുരന്തങ്ങളും ശത്രു രാജ്യത്തിന്റെ അക്രമവുമൊക്കെ ഭരണകൂടത്തിന്റെ വാഴ്ത്തുപാട്ടുകാര്‍ക്കുള്ള സുവര്‍ണ്ണാവസരങ്ങളാണ്. അത്തരം സന്ദര്‍ഭങ്ങളെ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള അവസരം കൂടിയായിട്ടാണ് ഭരണകൂടം കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സ്പ്രിങ്ക്‌ളറിന്‍ വ്യക്തികളുടെ വിവരങ്ങള്‍ കൈമാറാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്ത അവസരത്തില്‍ അദ്ദേഹത്തിന് അഭിനന്ദനം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു പി.കെ ഫിറോസ്.


പോസ്റ്റിന്റെ പൂര്‍ണരൂപം


പ്രതിപക്ഷം ദുര്‍ബലമായാല്‍ ഒരു ജനാധിപത്യ രാജ്യത്ത് എന്ത് സംഭവിക്കുമെന്നതിന് മോദി ഇന്ത്യയില്‍ ഒരുപാടുദാഹരണങ്ങളുണ്ട്. രാജ്യത്തുണ്ടാകുന്ന ദുരന്തങ്ങളും ശത്രു രാജ്യത്തിന്റെ അക്രമവുമൊക്കെ ഭരണകൂടത്തിന്റെ വാഴ്ത്തുപാട്ടുകാര്‍ക്കുള്ള സുവര്‍ണ്ണാവസരങ്ങളാണ്. അത്തരം സന്ദര്‍ഭങ്ങളെ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള അവസരം കൂടിയായിട്ടാണ് ഭരണകൂടം കണക്കാക്കുന്നത്.


കേരളത്തിന്റെ കാര്യം തന്നെ എടുക്കാം. പ്രതിപക്ഷത്തെ ദുര്‍ബലമാക്കാനുള്ള അവസരമായിട്ടാണ് പ്രളയത്തെയും കൊറോണയെയും ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചത്.ഇതാണവസരമെന്ന് മനസ്സിലാക്കി പ്രതിപക്ഷത്തിന്റെ വിമര്‍ശനം വരാന്‍ സാധ്യതയുള്ള തീരുമാനങ്ങള്‍ കൈകൊള്ളുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടുമുണ്ട്.


ഒടുവിലത്തെ തീരുമാനമായിരുന്നു വ്യക്തികളുടെ വിവരങ്ങള്‍ അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സ്പ്രിങ്ക്‌ളറിന് കൈമാറാനുള്ളത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള ട്രോളര്‍മാരുടെയും വാഴ്ത്തുപാട്ടുകാരുടെയും, ചെലവില്ലാത്ത വെട്ടുകിളിക്കൂട്ടങ്ങളുടെയും പരിശ്രമ ഫലമായി പ്രതിപക്ഷം നിശ്ശബ്ദമായിട്ടുണ്ടാകുമെന്നാണ് ഭരണക്കാര്‍ കരുതിയിരുന്നത്.


എന്നാല്‍ ആ മനുഷ്യന്‍ ഒറ്റക്ക് പൊരുതി. എതിര്‍പ്പിന്റെ കൂരമ്പുകളെ അവഗണിച്ചു. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറാന്‍ പാടില്ലെന്ന് വാദിച്ചു. ഇപ്പോഴിതാ അദ്ദേഹം വിജയിച്ചിരിക്കുന്നു.


പ്രതിപക്ഷനേതാവ് ശ്രീ. രമേശ് ചെന്നിത്തലക്ക് അഭിനന്ദനങ്ങള്‍

  • HASH TAGS