കേരളത്തിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് ഷാര്‍ജ : ഇനി മലപ്പുറത്ത് ഷാര്‍ജ മോഡല്‍ ഡ്രൈവിംങ് ട്രെയിനിംങ് സെന്റര്‍

സ്വന്തം ലേഖകന്‍

Feb 20, 2020 Thu 11:28 PM

കേരളം അഭ്യര്‍ത്ഥിച്ച നിര്‍ദേശം അംഗീകരിച്ച് ഷാര്‍ജ. ഇനി മലപ്പുറത്ത് ഷാര്‍ജ മോഡല്‍ ഡ്രൈവിംങ് ട്രെയിനിംങ് സെന്റര്‍. ഇതോടെ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് മലപ്പുറത്തുനിന്നും ലഭിക്കും. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കാനാകുമെന്നതാണ് ഈ സെന്ററിന്റെ പ്രത്യേകത. 


 വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക. ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി ഒരുക്കും. മോട്ടോര്‍ വാഹന വകുപ്പിനു

കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആന്റ് റിസര്‍ച്ചിനായിരിക്കും (ഐഡിടിആര്‍) നടത്തിപ്പ് ചുമതല.ഷാര്‍ജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി ആവശ്യമായ മേല്‍നോട്ടം വഹിക്കും. 


പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടന്‍ ഒപ്പിടും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണാറായി വിജയന്‍ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്.


  • HASH TAGS