അനധികൃത സ്വത്ത് സമ്പാദനകേസ് ; വി.എസ്.ശിവകുമാര്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

സ്വ ലേ

Feb 20, 2020 Thu 10:14 AM

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നു. ശിവകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍.എസ്. ഹരികുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍. കേസില്‍ പ്രതിയായ മറ്റു മൂന്നുപേരുടെ വീടുകളിലും റെയ്ഡ് നടക്കുകയാണ്. വിജിലന്‍സ് പ്രത്യേക സെല്‍ ഡിവൈ.എസ്.പി വി എസ് അജിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് എഫ്.ഐ. ആര്‍. സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കെ, അധികാരദുര്‍വിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി.ശിവകുമാര്‍ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം മറ്റുള്ളവരുടെ പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്നാണ് സൂചന.ശിവകുമാര്‍ ഒഴികെയുള്ളവര്‍ക്ക് വരവില്‍ക്കവിഞ്ഞ സ്വത്തുണ്ടായിരുന്നുവെന്ന് വിജിലന്‍സ് പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

 

  • HASH TAGS
  • #വിജിലന്‍സ് റെയ്ഡ്
  • #വി.എസ്.ശിവകുമാര്‍