കഴിഞ്ഞ പത്മ പുരസ്‌കാരങ്ങളിലേക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ പൂര്‍ണമായി തള്ളി കേന്ദ്രം

സ്വന്തം ലേഖകന്‍

Feb 12, 2020 Wed 12:06 PM

തിരുവനന്തപുരം ;  റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരങ്ങളിലേക്ക് കഴിഞ്ഞ തവണത്തെ  സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ പൂര്‍ണമായി കേന്ദ്രം തള്ളിയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത 56 പേരുടെ പട്ടികയില്‍ ഒരാളെ പോലും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. 


 കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ ആത്മീയാചാര്യന്‍ ശ്രീ. എം (എം. മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതന്‍ പ്രെഫ. എന്‍.ആര്‍.മാധവമേനോന്‍ എന്നിവര്‍ക്ക് പത്മഭൂഷണ്‍ നല്‍കി. സാമൂഹിക പ്രവര്‍ത്തകന്‍ എം.കെ.കുഞ്ഞോള്‍, ശാസ്ത്രജ്ഞന്‍ കെ.എസ്. മണിലാല്‍, എഴുത്തുകാരന്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരി എം.എസ്.പങ്കജാക്ഷി എന്നിവര്‍ക്കുമാണ് പത്മശ്രീയും കേന്ദ്ര സര്‍ക്കാര്‍ സമ്മാനിച്ചത്. 


സംസ്ഥാനങ്ങളില്‍നിന്നു ലഭിക്കുന്ന ശുപാര്‍ശകള്‍ പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാര്‍ഡ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്. എന്നാല്‍ പരിഗണനയില്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ച വ്യക്തികളില്ല.


പത്മവിഭൂഷണു വേണ്ടി എം.ടി. വാസുദേവന്‍ നായരെയാണ് ശുപാര്‍ശ ചെയ്തത്. പത്മഭൂഷണുവേണ്ടി 8 പേരെ ശുപാര്‍ശ ചെയ്തു: കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവര്‍ത്തനം), മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (കല), റസൂല്‍പൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടന്‍ മാരാര്‍ (കല).


പത്മശ്രീക്കായി സൂര്യകൃഷ്ണമൂര്‍ത്തി (കല), കാനായി കുഞ്ഞിരാമന്‍ (ശില്‍പി), ആര്‍ട്ടിസ്റ്റ് നമ്പൂതിരി (പെയിന്റിങ്), കെ.പി.എ.സി. ലളിത (സിനിമ), എം.എന്‍. കാരശ്ശേരി (വിദ്യാഭ്യാസം, സംസ്‌കാരം), ബിഷപ് സൂസപാക്യം (സാമൂഹിക പ്രവര്‍ത്തനം), ഡോ. വി.പി.ഗംഗാധരന്‍ (ആരോഗ്യം), നെടുമുടി വേണു (സിനിമ), പി.ജയചന്ദ്രന്‍ (സംഗീതം), ഐ.എം.വിജയന്‍ (കായികം), ബിഷപ് മാത്യു അറയ്ക്കല്‍ (സാമൂഹിക പ്രവര്‍ത്തനം), എം.കെ.സാനു (സാഹിത്യം) തുടങ്ങിയവരടക്കം 47 പേരെ സംസഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ പട്ടിക പൂര്‍ണമായി കേന്ദ്രം തള്ളി.








  • HASH TAGS
  • #kerala
  • #naredramodi
  • #pinarayivjayan
  • #2020
  • #pathmaaward