യുഎപിഎ വിഷയം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു ; പി.മോഹനന്‍

സ്വന്തം ലേഖകന്‍

Jan 23, 2020 Thu 10:57 PM

കോഴിക്കോട് : യുഎപിഎ ചുമത്തിയ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍.  യുഎപിഎ പ്രശ്നത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ അഭിപ്രായമാണ്. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദം സൃഷ്ടിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും മോഹനന്‍ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യം മനസ്സിലാകാഞ്ഞിട്ടാകുമെന്ന് പറഞ്ഞ് പി.ജയരാജനും  മോഹനനെ പിന്തുണച്ചിരുന്നു.  കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മര്‍ദം മൂലമാണ് അലന്‍-താഹ കേസ് എന്‍ഐഎ ഏറ്റെടുത്തതെന്നും മോഹനന്‍ വ്യക്തമാക്കി. യുഎപിഎ കേസില്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മോഹനന്‍ രംഗത്തെത്തിയത്.


അലനേയും താഹയേയും പാര്‍ട്ടി ഇതുവരെ പുറത്താക്കിയിട്ടില്ലെന്നും പാര്‍ട്ടി ഈ വിഷയത്തില്‍ അന്വേഷണം നടത്തുകയാണെന്നുമായിരുന്നു മോഹനന്റെ മുന്‍ പ്രസ്താവന. മുഖ്യമന്ത്രി പറയുന്നത് പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്. അലന്റേയും താഹയുടേയും കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ ഗൗരവതരമാണെന്നുമായിരുന്നു മോഹനന്റെ പ്രസ്താവന. പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് വീണ്ടും മോഹനന്‍ രംഗത്തെത്തിയത്. 
  • HASH TAGS