ഫേസ്ബുക്കിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു

സ്വലേ

Nov 02, 2019 Sat 10:57 PM

ഫേസ്ബുക്കിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്.തിരുവനന്തപുരം മണക്കാട് സ്വദേശി ആഷിഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫിറോസിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആഷിഷ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകുകയായിരുന്നു.


സമൂഹ മാധ്യമങ്ങളിലൂടെ ഫിറോസിന്റെ പ്രവർത്തനത്തെ വിമർശിച്ച   യുവതിക്കെതിരെ ഫിറോസ് ഫേസ്ബുക്ക് ലൈവിൽ നടത്തിയ അധിക്ഷേപ പരാമർശമാണ് വിവാദമായത്. ഏതെങ്കിലും രാഷ്ട്രീയ പാർ‍ട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മ‍ഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എംസി കമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെയാണ് യുവതി വിമര്‍‌ശിച്ചത്. ഇതിനുപിന്നാലെയായിരുന്നു ഫിറോസിന്റെ വേശ്യ പരാമർശം. 


മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറഞ്ഞു. സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർക്ക് തനിക്കെതിരെ ശബ്ദിക്കാൻ എന്തുയോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാൽ തനിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്. ഫേസ്ബുക്കിലൂടെ  വിമർശനമുന്നയിച്ച സ്ത്രീക്കെതിരെ മോശം  പ്രയോഗം നടത്തിയ ഫിറോസിന്റെ ഫേസ്ബുക് ലൈവിനെതിരെ   ഒട്ടേറെപേർ രംഗത്തു വന്നിരുന്നു. ഫേസ്ബുക് ലൈവിൽ ഫിറോസ് പറഞ്ഞ വേശ്യാ പ്രയോഗത്തിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്.

  • HASH TAGS