പി.എസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണര്‍

സ്വന്തം ലേഖകന്‍

Oct 26, 2019 Sat 03:58 AM

ന്യൂഡല്‍ഹി : പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ശ്രീധരന്‍പിള്ളയുടെ അധ്യക്ഷ സ്ഥാനം മാറ്റുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തെ ഗവര്‍ണര്‍ പദവിയില്‍ നിയമിച്ചിരിക്കുന്നത്. മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍പിള്ള.


2011-14 ല്‍ വക്കം പുരുഷോത്തമനും 2018-19 ല്‍ കുമ്മനം രാജശേഖരനുമാണ് മിസോറം ഗവര്‍ണറായിട്ടുള്ള മലയാളികള്‍. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് കുമ്മനം രാജശേഖരനേയും മിസോറം ഗവര്‍ണറായി നിയമിച്ചത്. തുടര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് അദേഹം സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വന്നു. തിരുവനന്തപുരത്തു നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പി.എസ്. ശ്രീധരന്‍ പിള്ള.


ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള പിന്നാലെ പ്രതികരിച്ചു. എല്ലാം നല്ലതിനു വേണ്ടിയാണ്.സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ആരെയും ഇതുവരെ താന്‍ സമീപീച്ചിട്ടില്ല. ജനസേവനത്തിനായുള്ള അവസരമായി ഗവര്‍ണര്‍ പദവി കാണുന്നുവെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.  • HASH TAGS