‘നിങ്ങള്‍ക്ക് അവളെ വിവാഹം ചെയ്യാമോ?’പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയോട് ഇരയെ വിവാഹം ചെയ്യാന്‍ തയ്യാറാണോ എന്ന ചോദ്യമുന്നയിച്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. കേസില്‍ പ്രതിയായ മോഹിത് സുഭാഷ് ചവാന്റെ ജാമ്യഹരജി സുപ്രീംകോടതിയില്‍ പരിഗണിക്കവെയായിരുന്നു ചീഫാ ജസ്റ്റിസിന്റെ വിവാദ ചോദ്യം. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യ ഹരജി പരിഗണിച്ചത്.
മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക്ക് പ്രൊഡക്ഷന്‍ കമ്പനി ജീവനക്കാരനാണ് പ്രതിയായ മോഹിത് ചവാന്‍. വിദ്യാര്‍ത്ഥിനിയും അകന്ന ബന്ധുവുമായ പതിനാറുകാരിയെ ബലാത്സംഗം ചെയ്തുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
‘നിങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബോധരഹിതയാക്കി പീഡിപ്പിച്ചു. ആ കുട്ടിയെ വിവാഹം ചെയ്യുമെങ്കില്‍ നിങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കുവാന്‍ ഞങ്ങള്‍ക്കാകും. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ജോലി നഷ്ടമാവുകയും ജയിലിലേക്ക് പോകേണ്ടതായും വരും’, സുപ്രീംകോടതി പറഞ്ഞു. കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ തന്റെ കക്ഷിക്ക് ജോലി നഷ്ടമാകും എന്ന മോഹിത്തിന്റെ അഭിഭാഷകന്റെ വാദത്തിന് മറുപടി നല്‍കികൊണ്ടായിരുന്നു കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
പീഡന പരാതിയുമായി പെണ്‍കുട്ടി പൊലീസിനെ സമീപിച്ചതിന് പിന്നാലെ വിവാഹ വാഗ്ദാനവുമായി പ്രതിയുടെ അമ്മ പെണ്‍കുട്ടിയെ സമീപിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് തയ്യാറല്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. പെണ്‍കുട്ടിയെ വിവാഹം കഴിക്കുവാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയല്ലെന്നും അതിന്റെ സാധ്യത ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തന്നുമാണ് കോടതി പറഞ്ഞത്. താന്‍ ആദ്യം വിവാഹത്തിനായി പെണ്‍കുട്ടിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് കുട്ടിയതിനെ നിഷേധിച്ചു. ഇന്ന് താന്‍ വിവാഹിതനാണ് അതിനാല്‍ ഇനി അത് സാധ്യമല്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ പ്രതി ഇപ്പോള്‍ തന്നെ അറസ്റ്റ് ചെയ്താല്‍ താന്‍ ജോലിയില്‍ നിന്നും സസ്‌പ്പെന്‍ഡ് ചെയ്യപ്പെടുമെന്നും പറഞ്ഞു. നാല് ആഴ്ച്ചത്തേക്ക് അറസ്റ്റ് തടഞ്ഞുവെയ്ക്കാമെന്നും ഇതിനിടയില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി മറുപടി നല്‍കി. ഇത്തരമൊരു പരാമര്‍ശനത്തിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് എസ്എ ബോബ്‌ഡെയ്‌ക്കെതിരെ ഉയരുന്നത്.