സമ്പൂർണ്ണ ഡിജിറ്റൽ ഇക്കോണമി കൈവരിക്കാനൊരുങ്ങി കേരള ബാങ്ക്

 സമ്പൂർണ്ണ ഡിജിറ്റൽ ഇക്കോണമി കൈവരിക്കാനൊരുങ്ങി കേരള ബാങ്ക്

കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല എന്നും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പങ്കാളിത്തം വഹിക്കുന്ന ബാങ്കെന്നും പരാമർശിക്കപ്പെടുന്നത് ഇന്ന് കേരളബാങ്കിനെ കുറിച്ചാണ്. കേരളത്തിന്റെ സ്വന്തം ബാങ്കെന്ന പേരിലാണ് കേരള ബാങ്ക് ഇന്ന് അടയാളപ്പെട്ടിരിക്കുന്നത്.

1916ൽ പ്രവർത്തനം ആരംഭിച്ച മലയാളമണ്ണിലെ ആദ്യ കോ ഓപ്പറേറ്റീവ് സൊസൈറ്റിയായ ട്രിവാൻഡ്രം സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്കാണ് കേരളം ബാങ്കിന്റെ അടിത്തറ. 1956ൽ കേരളം രൂപീകൃതമായപ്പോൾ ഇത് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ആയി മാറി. അടിസ്ഥാന മൂലധനമായി 42.90 ലക്ഷം രൂപയും, നിക്ഷേപമായി 30.33 ലക്ഷം രൂപയുമാണ് അന്ന് ബാങ്കിനുണ്ടായിരുന്നത്. 1966 ആയപ്പോഴേക്കും റിസർവ് ബാങ്ക് ആക്ട് പ്രകാരമുള്ള രണ്ടാം ഷെഡ്യൂളിന് കീഴിലേക്ക് ബാങ്ക് മാറുകയും രാജ്യത്തെ സഹകരണ ബാങ്കിംഗ് മേഖലയിലെ ആദ്യത്തെ ഷെഡ്യൂൾഡ് അപെക്സ് കോ-ഓപ്പറേറ്റീവ് ബാങ്കെന്ന ഖ്യാതി നേടുകയും ആയിരുന്നു.

അങ്ങനെ 2019 ഡിസംബറോടെ സംസ്ഥാനത്തെ 13 സഹകരണ ബാങ്കുകളും, 1692 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും കേരളബാങ്കെന്ന ഒറ്റ ആശയത്തിലേക്ക് ലയിക്കുകയായിരുന്നു. സഹകരണ വായ്പാ ഘടനയിൽ ശക്തവും മികവുറ്റതും മുൻ‌നിരയിലുള്ളതുമായ ഒരു സംഘടനയായി തുടരുക, കേരളത്തിലെ ഗ്രാമീണ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി മാറുക എന്നീ ദൗത്യങ്ങളാണ് കേരളാ ബാങ്കിനുള്ളത്.

മുൻകാലങ്ങളിൽ കേരളത്തിന്‍റെ സ്വന്തം ബാങ്ക് എന്നറിയപ്പെട്ടിരുന്ന എസ്ബിറ്റിയെ കേന്ദ്ര സര്‍ക്കാര്‍ എസ്ബിഐ യുമായി ലയിപ്പിച്ചതിന് ശേഷമാണ് കേരള ബാങ്ക് എന്ന കാഴ്ചപ്പാട് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. അതിന് കാരണമായത് കൃഷി, ചെറുകിട വ്യവസായം, സ്വയം തൊഴില്‍ സംരഭങ്ങള്‍ എന്നിവക്ക് മുൻപ് എസ്ബിടിയില്‍ നിന്ന് ധാരാളമായി ലഭിച്ചിരുന്ന വായ്‌പാ പരിഗണനകൾ ഇനി ലഭിക്കുമോ എന്നുള്ള ആശങ്കയായിരുന്നു.

സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് ഇങ്ങനെ ത്രിതല സംവിധാനത്തിലാണ് സഹകരണ ബാങ്കിങ് മേഖല മുൻപ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. ഇതിൽ മുൻപ് സൂചിപ്പിച്ചത് പോലെ 14ൽ 13 സഹകരണ ബാങ്കുകളെയും 1692 പിഎസിഎസിനെയും സംയോജിപ്പിച്ചു കൊണ്ട് ദ്വിതല സംവിധാനത്തിലാണ് കേരള ബാങ്ക് രൂപവൽക്കരിച്ചിട്ടുള്ളത്. 50ബില്ല്യൺ അഥവാ 500കോടി രൂപയുടെ നിക്ഷേപമാണ് കേരളബാങ്കിൽ നിന്ന് സർക്കാർ പ്രതീക്ഷിക്കുന്നത്.

നിലവിൽ കേരളത്തിലെ സഹകരണ ബാങ്കിംഗ് സംവിധാനത്തിന് നിക്ഷേപങ്ങളിലും വായ്പകളിലും 30% വിപണി വിഹിതമുണ്ട്. പ്രവാസി നിക്ഷേപത്തിനുള്ള ആര്‍ബിഐയുടെ അനുമതി ലഭിച്ചാൽ അത് ഗണ്യമായി ഉയർന്നേക്കാം. വിദേശനിക്ഷേപം ശേഖരിക്കാന്‍ പ്രാപ്തി കൈവരിക്കുന്നതോടെ വിദേശ നാണയ വിനിമയവും വ്യാപാരവും വർദ്ധിക്കും. കൂടാതെ നബാര്‍ഡില്‍ നിന്നു കൂടുതല്‍ വായ്പ ലഭിക്കുന്നതിനാല്‍ നിലവില്‍ നല്‍കുന്ന കാർഷിക വായ്പകളുടെ പലിശ നിരക്കും കുറവാണ്.

വാണിജ്യബാങ്കുകളോട്‌ കിടപിടിക്കാനുള്ള പശ്ചാത്തല സൗകര്യവും മനുഷ്യവിഭവശേഷിയും ആധുനികതയും കേരളബാങ്കിനുണ്ട്. 2020 മാർച്ചോടെ 374.75 കോടിരൂപ ലാഭം കേരള ബാങ്കിന് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആദ്യ ബാലന്‍സ് ഷീറ്റ് വ്യക്തമാക്കുന്നു. കൊവിഡ് അടക്കമുള്ള ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച കേരളബാങ്ക് ചുരുങ്ങിയ കാലം കൊണ്ടാണ് ബിസിനസ്സില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതെന്നത് അവഗണിക്കാവുന്നതല്ല. സർക്കാരിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചിട്ടുള്ള കേരളബാങ്കിനെ സമീപ ഭാവിയിൽ കേരളം കൈവരിക്കാന്‍ പോകുന്ന വികസന നേട്ടങ്ങളുടെ അടിത്തറ എന്ന നിലയിലാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

കേരളബാങ്കിന്റെ അസ്തിത്വത്തെ പറ്റിയോ വിശ്വാസ്യതയെ പറ്റിയോ സംശയങ്ങൾ ഒന്നും നിലവിൽ ഉണ്ടാകേണ്ടതില്ല. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നബാര്‍ഡിന്റെയും വിശദമായ പരിശോധനക്കും വിലയിരുത്തലിനും ശേഷമാണ് കേരള ബാങ്കിന്റെ പ്രവര്‍ത്തനത്തിന് അന്തിമാനുമതി ലഭിച്ചിട്ടുള്ളത്. മാത്രമല്ല ഈ ഏപ്രില്‍ ഒന്നുമുതല്‍ ബാങ്കിങ് മേഖലയിൽ ബാധകമാകുന്ന നിയന്ത്രണങ്ങളിലെ പുതിയ ഭേദഗതികളിൽ ഒട്ടുമിക്കതും ഉൾകൊണ്ടാണ് കേരളബാങ്ക് രൂപീകൃതമായിട്ടുള്ളതും. കൂടാതെ ബാങ്കിനെതിരെ പ്രതിപക്ഷം ഉന്നയിച്ച പരാതികളും ഒട്ടേറെ റിട്ട് ഹര്‍ജികളും വിശദമായി കേട്ടതിനുശേഷമാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി കേരളബാങ്ക് രൂപീകരണവുമായി മുന്നോട്ടു പോകാന്‍ അനുവാദം നല്‍കിയിട്ടുള്ളതെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ബാങ്കിന്റെ ഘടനയും നിയന്ത്രണവും

ജനറൽ ബോഡി കൂടാതെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ്-ബോർഡ് ഓഫ് മാനേജ്‌മെന്റ് എന്നിവയുൾപ്പെട്ടതാണ് ബാങ്കിന്റെ ഭരണസമിതി. ജനറൽ ബോഡിയിൽ കാർഷിക സഹകരണ സംഘങ്ങളുടെയും അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും പ്രതിനിധികൾ, എക്സ്-ഒഫീഷ്യോ ഡയറക്ടർമാർ, സർക്കാർ നാമനിർദ്ദേശം ചെയ്ത ഡയറക്ടർമാർ എന്നിവരാണ് ഉൾപ്പെടുന്നത്.

ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിനെ വിശാലാർത്ഥത്തിൽ ഭരണസമിതി എന്നിവിടെ പറയാം. ഇരുപത്തിയൊന്ന് അംഗങ്ങളാണ് ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൽ ഉള്ളത്. കൂടാതെ സംസ്ഥാനത്തെ അപെക്സ് സഹകരണ ഫെഡറേഷനുകളിൽ നിന്ന് ഒരു വർഷത്തേക്ക് നോൺ-ക്രെഡിറ്റ് സൊസൈറ്റികളെ ഊഴം വെച്ച് പ്രതിനിധീകരിക്കാൻ ഡയറക്ടർ ബോർഡ് ക്ഷണിക്കുന്ന ഒരു അംഗവും കാണും. എന്നാലവർക്ക് ‌ വോട്ടവകാശം ഉണ്ടാകില്ല. കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമമനുസരിച്ച് സർക്കാറിന് രണ്ട് അംഗങ്ങളെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിലേക്ക് നാമനിർദ്ദേശവും ചെയ്യാവുന്നതാണ്.

റജിസ്ട്രാർ ഓഫ് കോ ഓപ്പറേറ്റീവ്‌സിന്റെ അംഗീകാരത്തോടു കൂടി എച് ആർ, സ്റ്റാഫിന്റെ ഘടന മുതലായ ബാങ്കിന്റെ ഭരണപരമായ നയങ്ങളും, ആർബിഐയുടെ അംഗീകാരത്തോടു കൂടി ബിസിനസ് നയങ്ങൾ അതായത് ബാങ്കിങ് പോളിസി തുടങ്ങിയവയും ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിലൂടെയാണ് പാസാക്കുന്നത്.

ആർബിഐ നിയന്ത്രണത്തിലും നിർദേശത്തിലും പ്രവർത്തിക്കുന്ന സമിതിയാണ് ബോർഡ് ഓഫ് മാനേജ്‌മെന്റ്. കുറഞ്ഞത് അഞ്ചും പരമാവധി പന്ത്രണ്ടും പേരടങ്ങുന്നതാണ് ബോർഡ് ഓഫ് മാനേജ്‌മെന്റ്. ഇതിലെ അംഗങ്ങൾ അക്കൗണ്ടൻസി, ബാങ്കിങ്, ഫിനാൻസ്, നിയമം, സഹകരണം, ഇക്കണോമിക്‌സ്, ഐ.ടി, കാർഷിക-ഗ്രാമീണ സമ്പദ് വ്യവസ്ഥ, ചെറുകിട വ്യവസായം തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ അറിവും പരിചയവും ഉള്ളവരാകണം.

കൂടാതെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന് പുറത്തുനിന്നുള്ള രണ്ട് വ്യക്തികളും ബോർഡ് ഓഫ് മാനേജ്‌മെന്റിൽ ഉണ്ട്. ആർബിഐയുടെ പുതിയ സർക്കുലർ പ്രകാരം സവിശേഷ സാഹചര്യങ്ങളിൽ ഈ ഭരണസമിതിയെ മൊത്തത്തിലോ ഏതെങ്കിലും അംഗങ്ങളെയോ പിരിച്ചുവിടാനും ആർബിഐക്ക് അധികാരമുണ്ടാകും.

ജില്ലാ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് പരാതികളും ആക്ഷേപങ്ങളും നിലനിൽക്കെ, ആർബിഐയുടെ ഇടപെടലിലൂടെ കൂടുതൽ ‘സുതാര്യത‘യാണ് കേരളബാങ്കെന്ന സംവിധാനം കൈവരിക്കുന്നത്. കൂടാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹകരണ ബാങ്കിംഗ് മേഖലയില്‍ ലോകത്തിന് മുമ്പില്‍ ഒരു മാതൃക സൃഷ്ടിക്കാനും കേരള ബാങ്കിലൂടെ സാധിച്ചേക്കും.

കേരളബാങ്കിന്റെ ‘ഐ റ്റി ഇന്റഗ്രേഷൻ ‘ പൂർത്തിയാവുകയും, പ്രാഥമിക സംഘങ്ങൾക്ക് ‘ഏകീകൃത സോഫ്റ്റ്‌വെയർ ‘ എന്ന ആശയം നടപ്പിലാക്കാനും സാധിച്ചാൽ ഗ്രാമപ്രദേശങ്ങളിൽ സമ്പൂർണ്ണ ഡിജിറ്റൽ ഇക്കോണമി കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന ബഹുമതിയാകും കേരളത്തിന് സ്വന്തമാകുക.

കേരളബാങ്ക് കൊണ്ട് കേരളീയർക്കുണ്ടാക്കുന്ന നേട്ടങ്ങളെ പറ്റി ഇനിയും പറയാറായിട്ടില്ല. എങ്കിലും ഡിജിറ്റൽ ബാങ്കിങ് നടപ്പിലാകുന്നതിലൂടെ യുവാക്കളെ കൂടുതലായി ആകര്‍ഷിക്കുവാനും മികച്ച സൗകര്യങ്ങൾ നല്കുന്ന ഒരു പ്രാദേശിക ബാങ്ക് എന്ന സങ്കല്പം യാഥാർഥ്യമാക്കാനും സാധിക്കും. മാത്രമല്ല കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, കുറഞ്ഞ പലിശനിരക്കിൽ വായ്‌പ നൽകുക, മൈക്രോ ഫിനാന്‍സ് രംഗത്ത് കൂടുതല്‍ ഫലപ്രദമായി ഇടപെടുക എന്നീ മേഖലകളിൽ കേരളബാങ്ക്‌ ഇടപാടുകാര്‍ക്ക് സഹായകമാകും എന്നാണ് കരുതപ്പെടുന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരളബാങ്കിന് എറണാകുളത്തു കോർപ്പറേറ്റ് ലെയ്സൺ കേന്ദ്രവും, 7 റീജിയണൽ ഓഫീസുകളും, 769 ബ്രാഞ്ച് ഓഫീസുകളും ആണുള്ളത്.

ബാങ്കിന്റെ ചരിത്രവും ഘടനയും പ്രതീക്ഷകളും ഈ വർഷമാദ്യം കേരളബാങ്കുമായി ബന്ധപ്പെട്ട് ഉണ്ടായ കേന്ദ്ര നിർദ്ദേശങ്ങളും തീരുമാനങ്ങളും ഒക്കെയാണ് നമ്മളിത് വരെ പരാമർശിച്ചത്. എന്നാൽ അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്നും, അനധികൃത നിയമനങ്ങളാണ് ബാങ്കിൽ നടക്കുന്നതെന്നുമൊക്കെയുള്ള യുഡിഎഫ് പ്രസ്താവനകളും ഉയർന്ന് കേൾക്കുന്നുണ്ട്.

Related News