ഡല്‍ഹി കലാപക്കേസില്‍ വിദ്യാര്‍ഥി നേതാക്കള്‍ക്ക് മോചനം; ഹൈക്കോടതി ഉത്തരവ് പരിശോധിക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളുടെ ജയില്‍ മോചനത്തില്‍ ഹൈക്കോടതി വിധി അംഗീകരിച്ച് സുപ്രീംകോടതി. ഇതോടെ വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളായ നാടാഷ നാര്‍വെല്‍, ദേവന്‍ഗാന കാലിട്ട, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ ജയില്‍ മോചിതരായി.
അതേസമയം, യുഎപിഎ ഡല്‍ഹി കേസില്‍ വിശദീകരിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു.ഹൈക്കോടതി ഉത്തരവ് വിശദപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കേസ് തുടര്‍നടപടികള്‍ക്കായി അടുത്തമാസത്തേക്ക് മാറ്റിവെച്ചു. മറ്റു കേസുകളില്‍ ഹൈക്കോടതിയുടെ ഈ ഉത്തരവ് ഉപയോഗപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ഉത്തരവിട്ടു.ഡല്‍ഹി പോലീസിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ആക്ടിവിസ്റ്റുകള്‍ക്കു വേണ്ടി കപില്‍ സിബലും സുപ്രീംകോടതിയില്‍ ഹാജരായി.
നാടാഷ നാര്‍വെല്‍, ദേവന്‍ഗാന കാലിട്ട, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നീ വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളെ എത്രയും വേഗം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിട്ടും ഡല്‍ഹി പോലീസ് തിരിച്ചറിയല്‍ രേഖകളുടെ പരിശോധന ചൂണ്ടിക്കാണിച്ച് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഇതോടെയാണ് ഡല്‍ഹി പോലീസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി എത്രയും പെട്ടെന്ന് ഇവരെ മോചിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഡല്‍ഹി പോലീസ് ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് കഴിഞ്ഞ ദിവസം ഇവരുടെ മോചനം അസാധ്യമാക്കിയിരുന്നു.