ഇന്ത്യയിൽ എത്ര പേർ വാട്സാപ് ഉപയോഗിക്കുന്നുണ്ട്? കണക്കുകൾ വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

രാജ്യത്ത് സമൂഹ മാധ്യമങ്ങൾക്കെതിരായ നിയമങ്ങൾ കർശനമാക്കാൻ പോകുകയാണ്. ഇതിനിടെ ഇന്ത്യയിൽ എത്ര പേർ ഏതെല്ലാം സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന കണക്കുകളും കേന്ദ്ര സർക്കാർ പുറുത്തുവിട്ടു. സമൂഹ മാധ്യമ സേവനങ്ങളിൽ വാട്‌സാപ് ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.

രാജ്യത്തെ സമൂഹ മാധ്യമ ആപ്ലിക്കേഷനുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള മുഴുവൻ സ്ഥിതിവിവരക്കണക്കുകളും അദ്ദേഹം പങ്കുവെച്ചു. വാട്‌സാപ്പിന് പിന്നാലെ യുട്യൂബ് ആണ് രണ്ടാം സ്ഥാനത്ത്. ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവ പിന്നാലെയുമുണ്ട്.

ഫെയ്സ്ബുക്കിന് കീഴിലുള്ള വാട്‌സാപ്പിന് 53 കോടിയിലധികം ഉപയോക്താക്കളുണ്ട്. ഗൂഗിളിന്റെ യുട്യൂബിന് 44.8 കോടിയിലധികം ഉപയോക്താക്കളുണ്ടെന്നും വാർത്താസമ്മേളനത്തിൽ കേന്ദ്ര മന്ത്രി വെളിപ്പെടുത്തി. ഫെയ്സ്ബുക്കിന് 41 കോടി, ഇൻസ്റ്റാഗ്രാമിന് 21 കോടി, ട്വിറ്ററിന് 1.5 കോടി ഉപയോക്താക്കളുണ്ട്.

രാജ്യത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ, സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ, ഡിജിറ്റൽ മീഡിയ എന്നിവയ്ക്കായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ കണക്കുകളും പുറത്തുവിട്ടത്. എന്നാൽ, ഈ കണക്കുകളെല്ലാം തെറ്റാണെന്നും ഇതിൽ കൂടുതൽ പേർ വിവിധ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നുമാണ് ഒരു വിഭാഗം ടെക് വിദഗ്ധർ വാദിക്കുന്നത്.

Related News