കേരളത്തിലെ ആദ്യത്തെ ഹൈടെക് ജയില്‍ വിയ്യൂരില്‍ തുറന്നു

സ്വ ലേ

Jul 04, 2019 Thu 01:17 PM

തൃശൂര്‍: വിയ്യൂരിലെ ഹൈടെക്ക് ജയിലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 20 പ്രതികളെയാണ് ആദ്യഘട്ടത്തില്‍ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ജയിലിലേക്ക് മാറ്റുന്ന ആദ്യ തടവുപുള്ളിയുടെ പേര് രജിസ്റ്ററില്‍ രേഖപ്പെടുത്തിയായിരുന്നു ചടങ്ങ് നിര്‍വഹിച്ചത്.


മൂന്ന് വര്‍ഷം മുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈടെക്ക് ജയിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. ഇപ്പോള്‍ ജയില്‍ തുറക്കാനായതില്‍ ഋഷിരാജ് സിംഗ് സന്തോഷം രേഖപ്പെടുത്തി. തീവ്രവാദ, രാജ്യദ്രോഹക്കേസുകളിലെ പ്രതികളെയും കൊടുംകുറ്റവാളികളെയും പുതിയ ജയിലിലാണ് പാര്‍പ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. എന്‍.ഐ.എ കേസുകളിലെ എല്ലാ പ്രതികളെയും ഇവിടെയാണ് പാര്‍പ്പിക്കുക.


സ്‌കാനര്‍ വഴി പരിശോധിച്ച ശേഷമേ സന്ദര്‍ശകരെ ജയിലിനകത്ത് കടത്തുകയുള്ളൂ. വിരല്‍ പഞ്ചിംഗും നിര്‍ബന്ധമാണ്. തടവുകാര്‍ക്ക് തമ്മില്‍ കാണാനാകില്ല. സന്ദര്‍ശകര്‍ക്ക് സി.സി.ടി.വി കാമറ വഴിയേ തടവുകാരെ കണ്ട് സംസാരിക്കാനാകൂ. തടവുകാര്‍ക്ക് പുറത്തിറങ്ങേണ്ട സാഹചര്യവും ഉണ്ടാകില്ല.


  • HASH TAGS
  • #hitechcell
  • #viyyoor