വിനോദസഞ്ചാര കേന്ദ്രമായ ഗവിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

സ്വന്തം ലേഖകന്‍

Apr 28, 2019 Sun 12:13 AM

വിനോദസഞ്ചാര കേന്ദ്രമായ ഗവിയില്‍ മൂന്ന് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് . ഈ മാസം 29, 30, മെയ് 1 എന്നീ ദിവസങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത് . തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെട്ടേക്കാമെന്നതിനാല്‍ ശക്തമായ മഴയും, മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ്  വിലക്ക് ഏര്‍പ്പെടുത്തുന്നത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 'ഫാനി' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് തമിഴ്‌നാട്ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടലിലൂടെ മുന്നേറും. പിന്നീടുള്ള 24 മണിക്കൂറില്‍ ഒരു തീവ്ര ചുഴലിക്കാറ്റായി മാറുന്ന സിസ്റ്റം ഏപ്രില്‍ 30 നോട് കൂടി അതിതീവ്ര ചുഴലിക്കാറ്റായി മാറുകയും ഏപ്രില്‍ 30 ന് തമിഴ്‌നാട്ആന്ധ്ര തീരത്തോട് അടുത്ത് എത്താനുള്ള സാധ്യതയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.


  • HASH TAGS
  • #tourism