പശു വിഴുങ്ങിയ അഞ്ച് പവന്റെ മാല രണ്ട് വര്‍ഷത്തിനു ശേഷം ചാണകത്തില്‍ കണ്ടെത്തി

സ്വ ലേ

Jun 13, 2019 Thu 11:41 AM

കൊല്ലം: കൊല്ലം ചടയമംഗലത്ത് കാണാതായ അഞ്ച് പവന്റെ മാല   രണ്ട് വര്‍ഷത്തിനു ശേഷം ചാണകത്തില്‍  കണ്ടെത്തി. മാല പശുവാണ് വിഴുങ്ങിയത്. പശുവിന്റെ  ചാണകത്തില്‍ നിന്നാണ് രണ്ട് വര്‍ഷത്തിനു ശേഷം മാല കണ്ടെത്തിയത്. അധ്യാപക ദമ്പതികളായ വയ്യാനം ഫജാന്‍ മന്‍സിലില്‍ ഷൂജ ഉള്‍ മുക്കിനും ഷാഹിനക്കുമാണ് കൃഷി ആവശ്യത്തിന് വാങ്ങിയ ചാണകത്തില്‍ നിന്ന് മാല ലഭിച്ചത്.


വീടുകളില്‍ നിന്ന് ചാണകം ശേഖരിച്ച്‌ വില്‍പ്പന നടത്തുന്ന കരവാളൂര്‍ സ്വദേശി ശ്രീധരനാണ് ആറ് മാസം മുന്‍പ് ഇവര്‍ക്ക് ചാണകം  നല്‍കിയത്. മാലയുടെ ഉടമയെ തേടി ദമ്ബതികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയിരുന്നു. താലിയില്‍ ഇല്യാസ് എന്ന് എഴുതിയതാണ് ഉടമകളെ കണ്ടെത്താന്‍ ഏറെ സഹായിച്ചത്.


കഴിഞ്ഞ ദിവസം തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്യാസ് ഫോണില്‍ ഷൂജയുമായി ബന്ധപ്പെട്ടു. രണ്ട് വര്‍ഷം മുന്‍പ് കാണാതായ മാലയാണിതെന്നും പശു വിഴുങ്ങിയതായി അന്ന് തന്നെ സംശയം ഉണ്ടായിരുന്നെന്നും ഇല്യാസ് പറഞ്ഞു.  ഇല്യാസാണ് മാലയുടെ ഉടമയെന്ന് ബോധ്യപ്പെട്ടതോടെ മാല തിരിച്ച്‌ ഏല്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ദമ്പതികൾ .

  • HASH TAGS
  • #മാല