കനത്ത മഴയ്‌ക്ക്‌ സാധ്യത; ; 4 ജില്ലയില്‍ റെഡ് അലര്‍ട്ട്

സ്വ ലേ

Jun 08, 2019 Sat 11:01 AM

തിരുവനന്തപുരം :വരും  ദിവസങ്ങളില്‍ അതിശക്തമായ മഴയ‌്ക്ക‌് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ‌്. നാലു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ‌് ജില്ലകളില്‍ യെലോ , ഓറഞ്ച് അലര്‍ട്ടുകളുമുണ്ട‌്. തൃശൂര്‍ ജില്ലയില്‍‍ ജൂണ്‍ 10നും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 11നും തീവ്ര മഴയ‌്ക്ക‌് സാധ്യതയുള്ളതിനെ തുടര്‍ന്നാണ് റെഡ‌്‌അലര്‍ട്ട്. ഈ ജില്ലകളില്‍ 11.5 മുതല്‍ 20 സെന്റീമീറ്റര്‍വരെ മഴയ‌്ക്കാണ‌് സാധ്യത. മുന്നറിയിപ്പിനെ തുടര്‍ന്ന‌് സംസ്ഥാന സര്‍ക്കാരും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച‌് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.


റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഞായറാഴ‌്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും തിങ്കളാഴ‌്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചൊവ്വാഴ‌്ച കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും 'ഓറഞ്ച്' അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ‌്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ‌്ച കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും 11ന് വയനാട് ജില്ലയിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


  • HASH TAGS
  • #rain