'വന്നത് മഹാഭാരത യുദ്ധത്തിനല്ല': ധോണിയെ വിമര്‍ശിച്ച്‌ പാകിസ്ഥാന്‍ മന്ത്രി

സ്വ ലേ

Jun 07, 2019 Fri 11:03 AM

ന്യൂഡല്‍ഹി: ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചിഹ്നമുള്ള കൈയ്യുറ ധരിച്ചെത്തിയെ  മഹേന്ദ്ര സിംഗ് ധോണിക്ക് പാകിസ്ഥാന്‍ മന്ത്രിയുടെ വിമര്‍ശനം. പാക്കിസ്ഥാന്‍ മന്ത്രിസഭയിലെ  ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയായ ഫവാദ് ചൗധരിയാണ് ധോണിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.

 

ധോണിയുടെ കൈയ്യുറ ഇന്ത്യന്‍ മാധ്യമങ്ങള്‍  വലിയ ചര്‍ച്ചാവിഷയമാക്കേണ്ട കാര്യമില്ലെന്ന്  ഫവാദ് ട്വിറ്ററില്‍ കുറിച്ചു. ബുധനാഴ്ച സൗത്ത് ആഫ്രിക്കയുമായി നടന്ന ഇന്ത്യയുടെ പ്രാരംഭ മത്സരത്തിലാണ് ധോണി ഇന്ത്യന്‍ പാരാ സ്പെഷ്യല്‍ ഫോഴ്‌സസിന്റെ ചിഹ്നം ആലേഖനം ചെയ്ത കൈയ്യുറയുമായി കളിക്കാന്‍ ഇറങ്ങിയത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ മാദ്ധ്യമങ്ങളില്‍ ഇത് വന്‍ ചര്‍ച്ചാ വിഷയമായിരുന്നു.


'ലോകകപ്പ് മത്സരത്തില്‍ കളിക്കാനാണ് ധോണി ഇംഗ്ലണ്ടില്‍ എത്തിയത്. അല്ലാതെ മഹാഭാരത യുദ്ധത്തിനല്ല. എന്തൊക്കെ മണ്ടന്‍ ചര്‍ച്ചകളാണ് ഇതിനെക്കുറിച്ച്‌ ഇന്ത്യന്‍ മാധ്യമങ്ങളില്‍ നടക്കുന്നത്? മാധ്യമങ്ങള്‍ക്ക് ഇത്രയും യുദ്ധക്കൊതിയാണെങ്കില്‍, അവര്‍ കൂലിപട്ടാളക്കാരായി സിറിയയിലേക്കോ, അഫ്‌ഗാനിസ്ഥാനിലേക്കോ, റുവാണ്ടയിലേക്കോ പോകേണ്ടതാണ്.' പാകിസ്ഥാന്‍ മന്ത്രി തന്റെ ട്വീറ്റിലൂടെ പറഞ്ഞു.


ഇന്ത്യന്‍ സൈനിക വൃത്തങ്ങളില്‍ 'ബലിദാന ബാഡ്ജ്' എന്നാണ് ഈ ധോണിയുടെ കൈയ്യുറയിലുണ്ടായിരുന്ന ചിഹ്നം അറിയപ്പെടുന്നത്. ബുധനാഴ്ചത്തെ മത്സരത്തിലൂടെ ഈ ചിഹ്നത്തിന്റെയും ധോണി കൈയ്യുറ ധരിച്ച്‌ നില്‍ക്കുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതിനെ തുടര്‍ന്ന് ധോണിയേയും ഇന്ത്യന്‍ സൈന്യത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരും രംഗത്ത് വന്നിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ധോണിയുടെ കൈയ്യുറയില്‍ നിന്നും ഈ ചിഹ്നം നീക്കം ചെയ്യണമെന്ന് ബി.സി.സി.ഐയോട് ആവശ്യപെട്ടു.


  • HASH TAGS
  • #dhoni