ജോലിക്കിടെ പരിക്കേറ്റ ആശുപത്രി ജീവനക്കാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
കൊച്ചി: ജോലിക്കിടെ കണ്ണിന് പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച ശുചീകരണത്തൊഴിലാളിയുടെ ചികിത്സ ആശുപത്രി അധികൃതര്‍ നിഷേധിച്ചതായി പരാതി.ആശുപത്രിയിലെ ജോലിക്കിടയില്‍ കണ്ണില്‍ രാസ ലായനി തെറിച്ചാണ് ജിജി മധുവിന് പരിക്കേറ്റത് .എറണാകുളം പാതാളം ഇഎസ്ഐഎസ് ആശുപത്രിയിലാണ് സംഭവം നടന്നത് . ആശുപത്രിയിലെ ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ അവര്‍ തന്നെ പരിശോധിക്കാന്‍ തയ്യാറായില്ലന്നാണ് ജിജി പരാതിയിൽ പറയുന്നത്. ആശുപത്രിക്കെതിരെ കടുത്ത ആരോപണമാണ് ശുചീകരണ തൊഴിലാളികള്‍ ഇപ്പോൾ നടത്തുന്നത്.കഴിഞ്ഞ ഒരു മാസം മുൻപ് ശുചീകരണത്തൊഴിലാളികളുടെ വേതനം കൂട്ടുന്നില്ലെന്ന് ആരോപിച്ച് ഇവർ സമരം നടത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ചികിത്സ നിഷേധിച്ചത് എന്നാണ് യുവതിയുടെ പരാതി.
പാതാളം ഇഎസ്ഐഎസ് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തിൽ 31 പേരാണ് ജോലി ചെയ്യുന്നത്. ഇവര്‍ പത്ത് വര്‍ഷമായി ഒരേ വേതനത്തില്‍ പണിയെടുക്കുകയാണ്. തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം, വേതനം വര്‍ധിപ്പിക്കണം, എന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ ഒന്നിനായിരുന്നു ഇവര്‍ സമരം നടത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും നിരവധി തവണ മാനസിക പീഡനങ്ങള്‍ നേരിട്ടിട്ടുണ്ടന്നും തൊഴിലാളികള്‍ പറയുന്നു