ഗൂഗില്‍ മാപ്പ് നോക്കി കാറോടിച്ചു ; അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍
പാലക്കാട് : ഗൂഗില്‍ മാപ്പ് നോക്കി കാറോടിച്ചു അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ എത്തിയത് പുഴയില്‍. കാറില്‍ സഞ്ചരിച്ച അഞ്ചുപേരും രക്ഷപ്പെട്ടു. കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്കു പുറപ്പെടാന്‍ ഗൂഗിളിന്റെ സഹായം തേടിയപ്പോള്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. രാത്രിയാത്ര ആയതുകൊണ്ട് പുഴയാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല. കാര്‍ രാത്രി വൈകിയും കരകയറ്റാനായിട്ടില്ല. തൃശൂര്‍ പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി എട്ടരയോടെ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തുനിന്ന് പുഴയിലേക്ക് വീണത്.
ഇതിനു മുന്‍പു ഗൂഗിള്‍ മാപ്പ് നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച് അപകടത്തിലായവരുണ്ട്. കഴിഞ്ഞ ഡിസംബറില്‍ പാലമറ്റം - നേര്യമംഗലം റോഡിലെ ചാരുപാറയില്‍ പുതുക്കിപ്പണിയാന്‍ പൊളിച്ചുനീക്കിയ പാലത്തിന്റെ വലിയ കിടങ്ങില്‍ കാര്‍ വീണ് മൂന്നംഗ വിനോദയാത്രാസംഘം അത്ഭുതകരമായി രക്ഷപെട്ടിരുന്നു. 30 അടിയിലേറെ താഴ്ചയില്‍ കുഴിച്ചിരുന്ന കുഴിയില്‍ 10 അടിയോളം വെള്ളമുണ്ടായിരുന്നു.