അയോധ്യ കേസ് തര്‍ക്ക ഭൂമി ക്ഷേത്രത്തിന് ; തര്‍ക്ക ഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ പള്ളിക്കും

സ്വന്തം ലേഖകന്‍

Nov 09, 2019 Sat 11:48 AM

ന്യൂഡല്‍ഹി : അയോധ്യ കേസില്‍ നിര്‍ണായകമായ വിധി സുപ്രീം കോടതി പ്രസ്താവിച്ചു. തര്‍ക്കഭൂമി ക്ഷേത്രത്തിനായി നല്‍കും. പള്ളിക്ക് പകരം അയോധ്യയില്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. തര്‍ക്കഭൂമിക്ക് പുറത്ത് കേന്ദ്രസര്‍ക്കാര്‍ പള്ളിക്ക് ഭൂമി ഏറ്റെടുത്തു നല്‍കണമെന്നും വിധിയില്‍ പറയുന്നു.


കോടതിയുടെ തീരുമാനം വിശ്വാസം അനുസരിച്ചല്ല. നിയമം അനുസരിച്ചാണെന്നും വിധിയില്‍ എടുത്തു പറയുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അരമണിക്കൂറോളം നീണ്ട വിധി പ്രസ്താവന ആരംഭിച്ചത്.


സുന്നി വഖഫ് ബോര്‍ഡിന് ഭൂമിയില്‍ കൈവശാവകാശം തെളിയിക്കാനായില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അവകാശം തീരുമാനിക്കാനാവില്ലെന്നും ഇതിന് രേഖ ആവശ്യമാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.  ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 







  • HASH TAGS