ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി ; കേന്ദ്ര ധനമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പുതിയ സാമ്പത്തിക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ്. വാണിജ്യ, ഓട്ടോ മൊബൈൽ, കയറ്റുമതി മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കുമെന്നും സൂചനയുണ്ട്. രണ്ടാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റിൽ അതിസമ്പന്നർക്ക് അമിത സർചാർജ് ഏർപ്പെടുത്തിയത് ഉൾപ്പടെയുള്ള പരിഷ്കാരങ്ങൾ വിദേശ നിക്ഷേപങ്ങൾക്ക് തിരിച്ചടിയായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും ഗുരുതരമായ അവസ്ഥയിലാണെന്ന ഐഎംഎഫിന്റെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബാങ്കുകൾ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ദുർബലമായതാണ് ഇതിന് കാരണം.
ഇന്ന് പ്രഖ്യാപിപ്പിക്കാൻ പോകുന്ന നടപടികളെ കുറിച്ചുള്ള വിശദ വിവരങ്ങൾ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. നടപടികളിൽ പ്രധാനമന്ത്രിയുടെ ഓഫീസും സംതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇത് മൂന്നാം തവണയാണ് ധനമന്ത്രി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിക്കുന്നത്.